Sunday, November 27, 2011

പാതിരാ പഠനം..!

നീലിമല കാട്ടിലെ മൃഗങ്ങള്‍ക്കെല്ലാം അക്ഷരങ്ങള്‍ അറിയുവാനുള്ള ആഗ്രഹം ഉദിച്ചു..
‘നാട്ടില്‍ മനുഷ്യന്മാരെല്ലാം വിദ്യാസമ്പന്നരായി വിലസുമ്പോള്‍  കാട്ടില്‍ നമ്മള്‍ അക്ഷരം എന്തെന്നറിയാതെ കഴിയുന്നത് മോശമാണ്‘ ‘..കിട്ടു ആന അഭിപ്രായപ്പെട്ടു..
അത് അംഗീകരിച്ചു കൊണ്ട് മറ്റു മൃഗങ്ങള്‍  തലയും വാലും ആട്ടി സമ്മതിച്ചു.
‘പക്ഷേ പകല്‍ മുഴുവന്‍ പിടിപ്പത്  ജോലിയുള്ള നമുക്ക് പഠിയ്ക്കാന്‍ എവിടെ സമയം?’
മൃഗരാജന്‍ കേശു സിംഹം ഒരു പ്രധാന പ്രശ്നം അവതരിപ്പിച്ചു..
‘ശരിയാണ്, രാത്രിയില്‍ നമ്മള്‍ കൂടണയുമ്പോള്‍ പഠിയ്ക്കാമെന്ന് കരുതിയാല്‍ ഇരുട്ടത്ത് അസാധ്യമാണ് ..ഇനി നമ്മള്‍ എന്തു ചെയ്യും..?’
നീളവാലന്‍ കിളി സങ്കടപ്പെട്ടു..
‘നാട്ടുകാരെ പോലെ നമുക്കും വിളക്കും സൌകര്യങ്ങളും ഉണ്ടായിരുന്നെങ്കില്‍  നമുക്കീ പ്രശ്നം പരിഹരിയ്ക്കാമായിരുന്നു’..കുട്ടി കുരങ്ങന്‍  നിരാശനായി പറഞ്ഞു,
അതു കേട്ടതും കിണ്ടു കണ്ടാമൃഗം ചാടി എണീറ്റ് ഉത്സാഹത്തോടെ പറഞ്ഞു,..
നീലമലയുടെ താഴ്വരയിലെ കുറ്റിച്ചെടികള്‍ക്കിടയില്‍ നിന്ന് എനിയ്ക്കൊരു കൊച്ച് ചിമ്മിനി വിളക്ക്  കിട്ടിയിട്ടുണ്ട്..അത് കത്തിച്ചാല്‍ നല്ല വെളിച്ചം കിട്ടും, അങ്ങനെ നമ്മുടെ പ്രശ്നം പരിഹരിയ്ക്കാനാകും എന്നെനിയ്ക്ക് തോന്നുന്നു’..
അതു  കേട്ടതും നീലിമല മൃഗങ്ങള്‍ സന്തോഷഭരിതരായി..
‘ഞങ്ങള്‍ക്കും കാണണം വെളിച്ചം തരുന്ന ആ കൊച്ച് ചിമ്മിനിയെ’..അവര്‍ ഒറ്റ സ്വരത്തില്‍ ആവശ്യപ്പെട്ടു..
‘അതിനെന്താ..’..കിണ്ടു കണ്ടാമൃഗം സന്തോഷത്തോടെ അവരെ നീലിമല താഴ്വരയിലെ കുറ്റിച്ചെടികള്‍ക്കിടയില്‍ ഒളിപ്പിച്ചു വെച്ചിരിയ്ക്കുന്ന ചിമ്മിനി വിളക്കുമായി അവര്‍ക്കിടയിലേയ്ക്ക് ഇറങ്ങി വന്നു..പിന്നെ അത്  തെളിയിയ്ക്കുന്നത് എങ്ങനെ ആണെന്ന് എല്ലാവര്‍ക്കുമായി കാണിച്ചു കൊടുത്തു..
എപ്പോഴോ മനുഷ്യന്മാര്‍ ഉപേക്ഷിച്ചു പോയ സാമഗ്രികളെല്ലാം കിണ്ടു കണ്ടാമൃഗം സ്വരൂപിച്ച് വെച്ചതായിരുന്നു..
എന്നിട്ട് പറഞ്ഞു.. ‘ഞാനീ ചിമ്മിനി വിളക്ക് നമ്മുടെ നീലിമല കാട്ടിലെ വായനശാലയ്ക്കായി സംഭാവന നല്‍കുന്നൂ..
നീലിമല കാട്ടിലെ മൃഗങ്ങള്‍ക്കെല്ലാം സന്തോഷമായി..
അങ്ങനെ പകല്‍ സമയങ്ങളില്‍ സാധിയ്ക്കാത്ത പഠനം അവര്‍ രാത്രി സമയങ്ങളിലായി തുടങ്ങി വെച്ചു..
നീലിമല കാട്ടിലെ മൃഗങ്ങള്‍ പഠിത്തത്തില്‍ വളരെ ഉത്സാഹം കാണിച്ചു..
അതു കണ്ട് സന്തോഷിച്ച കേശു മൃഗരാജന്‍  കാട്ടിലെ വായനശാലയ്ക്കായി കുറെ പുസ്തകങ്ങള്‍ വരുത്തിച്ചു..
നീലിമല കാട്ടിലെ മൃഗങ്ങളെല്ലാം  വിദ്യാസമ്പന്നരായിരിയ്ക്കണം എന്നായിരുന്നു അദ്ദേഹത്തിന്‍റെ ലക്ഷ്യം..
കിണ്ടു കണ്ടാമൃഗവും നീലിമല കാട്ടിലെ സുഹൃത്തുക്കളെ സഹായിയ്ക്കാനായി പിന്നേയും രണ്ട് മൂന്ന് ചിമ്മിനി വിളക്കുകള്‍ സങ്കടിപ്പിച്ച് വായനശാലയിലേയ്ക്കായി സംഭാവന ചെയ്തു..
നീലിമല കാട്ടിലെ മൃഗങ്ങളെല്ലാം ഇപ്പോള്‍ സന്തോഷഭരിതരാണ്..
പകല്‍ സമയങ്ങളില്‍ അവര്‍ അദ്ധ്വാനിച്ചു,
രാത്രി സമയങ്ങളില്‍ അവര്‍ പഠിച്ചു..
നീലിമല കാട്ടിലെ കൊച്ചു മക്കളാണ്  ഇപ്പോള്‍ കൂടുതല്‍ സന്തോഷിച്ചത് ..എന്തെന്നോ..?
അവര്‍ക്ക് അവരുടെ അമ്മയും അച്ചനും അന്നന്നു വായിച്ച പുസ്തകങ്ങളിലെ കഥകളും കാര്യങ്ങളും പറഞ്ഞു കൊടുത്ത് ഉറക്കി..
വാശിയും വഴക്കുകളൊന്നും ഇല്ലാത്ത രാപ്പകലുകള്‍  നീലിമല കാടിനെ  കൂടുതല്‍ സുന്ദരിയാക്കി!

കൊച്ചു സ്നേഹിതരേ..അസാധ്യാമായി ഒന്നുമില്ല..
നല്ല മനസ്സും, ഒത്തൊരുമയും ഉണ്ടെങ്കില്‍ ഏതൊരു പ്രശ്നവും നിസ്സാരമായി അഭിമുഖീകരിയ്ക്കാവുന്നതേ ഉള്ളു..!

Friday, November 25, 2011

ഇച്ചിരി കുട്ടിത്തരങ്ങള്‍...

കുഞ്ഞു മക്കള്‍ക്കും, കൊച്ചു മനസ്സുള്ള വലിയ മക്കള്‍ക്കും..
ഇച്ചിരി പോന്ന കഥകള്‍.....!