Sunday, June 24, 2012

ഉണ്ണിക്കുട്ടന്റെ മഴ...!

പുതുമഴ തോരാന്‍ കാക്കല്ലേ നീ ഉണ്ണീ
മഴക്കാലമായാൽ നേരമ്പോക്കുകൾ  മറ്റൊന്നും വേണ്ട
തൂവെള്ളി നൂലുകൾ കെട്ടുകളില്ലാതെ,
പച്ചിലകൾ നനയ്ക്കുന്ന കാഴ്ച എന്തു രസം...!

മഴ കാണുക, കേൾക്കുക, തൊട്ടറിയുക
മഴയെ കൂട്ടാക്കി കളിച്ചു രസിയ്ക്കുക..

ഉണ്ണിയും മഴയും പിന്നെ,
ഇത്തിരി കയ്യില്‍ കുഞ്ഞിക്കുടയും
ചിണുങ്ങി പെയ്യുന്ന മാമരങ്ങളും..
ഒരു മഴ നനഞ്ഞാൽ പരിഭവിയ്ക്കും അമ്മയും..!

ചുടു കഞ്ഞി കുടിച്ച്
ചൂടു പുതപ്പിനുള്ളിലൊളിച്ചാൽ
 ഉണ്ണിയ്ക്ക് മഴ ദിവസം കേമമായി..!

Saturday, June 2, 2012

സ്വാഗതം..


കണ്ടുവോ......

പൊട്ടിച്ചിരികളാണ് ചുറ്റും..
കലപില കിലുക്കങ്ങൾ പറയും വേണ്ട
മിണ്ടല്ലേ ഒച്ച വെയ്ക്കല്ലേ എന്നാജ്ഞാപിച്ചാലൊ
കണ്ടില്ല കേട്ടില്ലെന്ന് പരസ്പരം കുസൃതികൾ..!

കണ്ടുവോ....

പറന്നുയരാൻ പൂഞ്ചിറകുകളൊതുക്കും
പുത്തൻ നിറങ്ങളിലെ ആത്മഹർഷങ്ങൾ..!

ഈ ചിത്രം മുമ്പും കണ്ടതാണ്
പാഠമുറിയ്ക്കുള്ളിലെ ആഘോഷ തിമിർപ്പുകൾ....!

ഒരു പൊയ്മുഖം എടുത്തണിഞ്ഞാലൊ..?
ഒരു മന്ദഹാസം പിന്നെ പൊട്ടിച്ചിരിയും... !
മറച്ചുവെയ്ക്കാനാവില്ല കൂട്ടരേ..

അത്രമേൽ പ്രിയമാണാ ഇളം സ്നേഹ സ്മൃതികൾ
ഉള്ളിന്റെയുള്ളിൽ പെയ്തിറങ്ങും പുണ്ണ്യമാ തുള്ളികൾ..

പെട്ടെന്നുണർന്ന് കണ്ണുകൾ തിരുമ്മി...
ഈശ്വരാ..നാളെയെൻ മക്കൾ വരുന്നു...

ഒരുക്കങ്ങൾ ഇനി എത്രയോ ചെയ്യാനിരിയ്ക്കുന്നു...
അമ്മേ..നിയ്ക്ക് നാളേം സ്കൂളിൽ പോകണമെന്ന്
നിത്യം അവർ ചൊല്ലിടേണ്ടേ.....