Friday, August 24, 2012

** ഉണ്ണിക്കുട്ടന്‍റെ ഓണം **


ഓണം വന്നൂന്ന് ഉണ്ണിക്കുട്ടന് അറിയാലോ..
എങ്ങനെയാണെന്നോ?
എത്ര പരിപാടികളാണെന്നൊ അച്ഛന്റെ അസോസിയേഷനുകളിലും അമ്മയുടെ ക്ലബ്ബുകളിലും മീരേച്ചീടെ കോളേജിലും ഓണത്തിനോടനുബന്ധിച്ച് സംഘടിപ്പിയ്ക്കുന്നത്..

പല സംഘടനകളും ഇതിനകം ഓണാഘോഷങ്ങൾ ആരംഭിച്ചു കഴിഞ്ഞിരിയ്ക്കുന്നു..
സാംസ്ക്കാരിക സമ്മേളനം,കലാകായിക മത്സരങ്ങൾ,സാഹിത്യ മത്സരങ്ങൾ, സെമിനാറുകൾ,ഓണച്ചന്തകൾ തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ ആഘോഷത്തിന്റെ ഭാഗമായി ഞങ്ങളുടെ മെട്രൊ നഗരത്തിൽ നടന്നു കൊണ്ടേയിരിയ്ക്കുംഎന്നും..

ഇനി ഓണം കഴിഞ്ഞാലും എങ്ങനേം ഒരു മാസം കഴിയും വരേയ്ക്കും സദ്യകൾ ഉണ്ട് ഉണ്ണിക്കുട്ടന് ഓക്കാനം വരും..
അച്ഛനും അമ്മയ്ക്കും കസവ് മുണ്ടുകൾ ഉടുത്ത് മടുപ്പ് വരും..
മീരേച്ചിയ്ക്ക് പട്ടു പാവാടയോടും മുല്ലപ്പൂവിനോടും വൈരാഗ്യം വരും..
അങ്ങനെ വീട്ടു മുറ്റം ഇല്ലാത്ത ഞങ്ങൾ മത്സരങ്ങളിൽ വലിയ പൂക്കളങ്ങൾ ഒരുക്കി ഒന്നൊന്നര മാസം ഓണം ആഘോഷിയ്ക്കും..

ഈ തിരക്കുകൾക്കിടയിൽ നാട്ടിലുള്ള അച്ഛമ്മയേയും അമ്മമ്മയേയും എല്ലാം പോയി കാണാൻ എവിടെയാ നേരം..
അതോണ്ട് ഞങ്ങൾ ഫോണിലൂടെ അവരെ ഓണം വിഷസ്സ് അറിയിയ്ക്കാറുണ്ട്..

അടുത്ത ഫ്ളാറ്റിലെ സിന്ദുവേന്റി ഓണത്തിനു നാട്ടിൽ പോവാനിരുന്നതായിരുന്നു..
നാട്ടിലേയ്ക്കുള്ള സ്പെഷൽ ട്രെയിൻ റദ്ദാക്കിയത്രെ..
അതോണ്ട് അവരുടെ യാത്രയും റദ്ദാക്കി..

ഇതൊക്കെ തന്നെ ഉണ്ണിക്കുട്ടന്റെ ഓണം വിശേഷങ്ങൾ..

അപ്പൊ എല്ലാർക്കും ഉണ്ണിക്കുട്ടന്റേം  അച്ഛന്റേം അമ്മടേം മീരേച്ചീടേം ഓണാശംസകൾ ട്ടൊ!

Tuesday, August 14, 2012

സ്വാതന്ത്ര്യദിനാഘോഷം നമുക്കും വേണ്ടേ...?


സ്വാതന്ത്ര്യദിനാഘോഷം...!!!
കുഞ്ഞുനാളിൽ ഈ ദിനത്തിൽ സ്ക്കൂളിൽ പോകാൻ വല്ലാത്തൊരു ഉത്സാഹമായിരുന്നു..
തലേന്നാൾ ഷൂ പോളിഷ് ചെയ്തുവെക്കും.,
ഇസ്തിരി ഇട്ട് അടുക്കി വെച്ചിരിക്കുന്ന യൂണിഫോമിൽ ചുളിവുകൾ പറ്റിയൊ എന്ന് വീണ്ടും വീണ്ടും എടുത്തു നോക്കും.,
ഇച്ചിരി അഴുക്കുള്ള വെള്ള റിബ്ബൺ മനസ്സിൽ പിടിയ്ക്കാതെ പുതിയതിനായി കടയിലേക്ക് ഓടും.,
കൂടെ ഒരു  കൊച്ചുപതാകയും വാങ്ങിയാൽ പിറ്റന്നാളിലേയ്ക്കുള്ള ഒരുക്കങ്ങളായി..!!
വലിയ പതാക ആ ദിനത്തിൽ വീട്ടുമുറ്റത്തെ കണിയാണ് നിയ്ക്ക്...!

ആഴ്ചകളായി പഠിച്ചുകൊണ്ടിരുന്ന ദേശഭക്തി ഗാനങ്ങൾ ഉച്ചത്തിൽ ഈണത്തിൽ ആലപിച്ച്,
'ഇന്ത്യ എന്റെ മഹാരാജ്യമാണ് '  എന്ന് അംഗീകരിക്കുന്നതും അഭിമാനിക്കുന്നതുമായ കൊച്ചുകൊച്ച് പ്രസംഗങ്ങളും കഥകളും കാത് കൂർപ്പിച്ചുകേട്ട് ഒരു മണിക്കൂറിനകം വീട്ടിലെത്തിയാൽ പിന്നെ  ആ ദിനത്തിന്റെ പ്രത്യേകതകളേയും മഹാന്മാരേയും കുറിച്ചുള്ള  ഇടവിട്ട ചർച്ചകൾ  വീട്ടിൽ...!
മറ്റു ഉത്സവങ്ങളും ആഘോഷങ്ങളും പോലെതന്നെ ഉത്സാഹിച്ച് കൊണ്ടാടിയിരുന്ന ഒരു ദിനമായിരുന്നു നിയ്ക്ക് ആഗസ്റ്റ് പതിനഞ്ച്...!!

വീണ്ടും ഞാൻ സ്ക്കൂൾ ജീവിതത്തിലേയ്ക്ക് ....
എന്നാൽ ആഗസ്റ്റ് പതിനഞ്ച്. .. അന്നേ നാൾ വെറും ഒരു അവധി ദിനമായി മാറിയപ്പോൾ വല്ലാത്തൊരു അസ്വസ്ഥത...
എന്തേ ..ഇന്നത്തെ  മക്കൾക്ക്  ഈ ദിനം വൈകി ഉണരാനുള്ള ഒരു ദിനം മാത്രമായി തീർന്നിരിയ്ക്കുന്നു...!?
ആ ദിനത്തിന്റെ പ്രാധാന്യം മറ്റൊരു നാൾ ആഘോഷിച്ചാൽ ആസ്വാദിയ്ക്കാനാവുമോ..?
പിറന്നാളുകളും ഉത്സവങ്ങളും വളരെ ആർഭാടമായി കൊണ്ടാടുന്ന മക്കൾ ഈ ദിനത്തിന്റെ പ്രാധാന്യവും അറിഞ്ഞിരിക്കേണ്ടേ...?

2012 ആഗസ്റ്റ് 15....

പഴയ ഏർപ്പാടുകൾ മാറ്റി വെച്ചു കൊണ്ട് ഞാനും ന്റെ കുഞ്ഞുമക്കളും , എന്തിന്  സ്കൂൾ  ഒന്നങ്ങനെ സ്വാതന്ത്ര്യദിനം ആഘോഷിയ്ക്കുകയാണ്..!!
ഈ സ്വാതന്ത്ര്യദിനത്തിൽ വീണ്ടും ഞാൻ ശുഭവസ്ത്രമണിഞ്ഞ് ഒരു കൊച്ചു പതാകയുമായി സ്ക്കൂളിൽ പോകുന്നു..
എന്റെ കുഞ്ഞുങ്ങൾ “മേരാ ദേശ് മഹാൻ...”തുടങ്ങുന്ന ദേശഭക്തി ഗാനം ആലപിയ്ക്കമ്പോൾ മറ്റൊരു കൂട്ടർ വിണ്ണിലെ നക്ഷത്രങ്ങളെ കൈവെള്ളയിൽ ആക്കുന്ന നൃത്തം ചെയ്യുന്നു...
പിന്നെ., ധീര ജവാന്മാർ ഓരോരുത്തരായി വന്ന് ഇന്ത്യാമഹാരാജ്യത്തെ ഉച്ചത്തിൽ വാഴ്ത്തുന്നു...ദേശഭക്തി സ്നേഹം ഉണർത്തുന്നു..
അദ്ധ്യാപകരുടേയും കുഞ്ഞുങ്ങളുടേയും ചർച്ചകൾക്കു ശേഷംഏവരും ഒരേ സ്വരത്തിൽ ദേശീയഗാനം  പാടിയാൽ  ദിവസം പൂർണ്ണമാവും...

കൊച്ചുകുഞ്ഞുങ്ങളിൽ ആ ദിനം എത്ര സന്തോഷം ജനിപ്പിക്കും എന്ന്  ദിവസങ്ങളായുള്ള അവരുടെ ഉത്സാഹം കണ്ടാലറിയാം..!
ആഗസ്റ്റ് പിറന്ന  നാൾ  മുതൽ  കുട്ടിക്കഥകളിലെ പ്രധാന കഥാപാത്രങ്ങൾ  നമ്മുടെ ധീര പുരുഷന്മാരും വനിതകളും തന്നെ..!

ന്റെ കുഞ്ഞുങ്ങൾക്ക് കേൾക്കാൻ  പ്രിയമുള്ള ഒരു കുട്ടിക്കഥ ഈ ദിനത്തിന്റെ സന്തോഷത്തിനായി നിങ്ങൾക്കും പറഞ്ഞു തരാണ്  ട്ടൊ..

നമ്മുടെ രാഷ്ട്രപിതാവ്... കുഞ്ഞുങ്ങൾക്ക് കാണാൻ ഏറെ പ്രിയമുള്ള മുഖം..
കേൾക്കാൻ ഏറെ പ്രിയമുള്ള കഥകൾ അദ്ദേഹത്തെ കുറിച്ചു തന്നെ...

ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്.....കഥ തുടങ്ങായി,

നമ്മുടെ രാജ്യം ഇന്ത്യയാണെന്ന് ആർക്കാണ് അറിഞ്ഞു കൂടാത്തത്, അല്ലെ..?
നമ്മുടെ മഹാന്മാർ എത്ര വേദനകൾ സഹിച്ചാണ്  ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയിരിക്കുന്നത് അല്ലേ..?
നമ്മൾ നേടുന്ന സ്വാതന്ത്ര്യം ശാന്തിയിലൂടെയും സമാധാനത്തിലൂടേയും മാത്രമായിരിയ്ക്കണം എന്ന്  ഗാന്ധിജിയ്ക്ക് വളരെ നിർബന്ധമായിരുന്നു...
അഹിംസയുടേയും ശാന്തിയുടേയും മഹത്വങ്ങളെക്കുറിച്ച്  ഇന്ത്യയുടെ ഓരോ ദിക്കിലെ ജനതയേയും ബോധവാന്മാരാക്കുവാന്‍  യോഗങ്ങളും സമ്മേളനങ്ങളും അദ്ദേഹം വിളിച്ചു കൂട്ടുക ഉണ്ടായിരുന്നു..

ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ സമയത്ത്  ബംഗാളിലെ  നവ്ഖാലി  എന്ന പ്രദേശത്ത്  വലിയൊരു വർഗ്ഗീയകലാപം  പൊട്ടിപ്പുറപ്പെടുകയുണ്ടായി...!!
എത്രയെത്ര പാവങ്ങൾ ആ മണ്ണിൽ ജീവനറ്റ് വീണെന്നൊ..?
ആ പ്രദേശത്തെ വർഗ്ഗീയകലാപം ശമിപ്പിക്കുന്നതിനായി ഗാന്ധിജി അവിടെ എത്തി., അവരെ അഹിംസയെക്കുറിച്ചും., ശാന്തിയിലൂടേയും, സമാധാനത്തിലൂടേയും ജീവിക്കേണ്ടതിനെക്കുറിച്ചും ബോധവാന്മാരാക്കുവാൻ ശ്രമിച്ചു.
പ്രാർത്ഥനകളും  ദേശസ്നേഹപ്രസംഗങ്ങളും സംഘടിപ്പിച്ചു....
എന്നാൽ അവരിൽ പ്രത്യേക മാറ്റങ്ങളൊന്നും കണ്ടില്ല....
എന്നാൽ അദ്ദേഹം പിന്മാറാൻ തയ്യാറല്ലായിരുന്നു....
ഒരു നാൾ അദ്ദേഹം ജാതിമതഭേദമന്യേ ആ  പ്രദേശത്തെമുഴുവൻ  ഒരു  ഒത്തുചേരലിനായി വിളിച്ചു കൂട്ടി..
പാവം., അദ്ദേഹം....
വളരെ നേരം കാത്തിരുന്നു..ഒരാൾ പോലും തിരിഞ്ഞു നോക്കിയില്ല...
അദ്ദേഹം അക്ഷമനായില്ല....
അതാ....പെട്ടെന്ന് അദ്ദേഹത്തിന്റെ ചുണ്ടുകളിൽ പുഞ്ചിരി വിരിഞ്ഞു....!
എന്തുകൊണ്ടാണെന്നോ...?
അവിടെ എത്തിയതും  അദ്ദേഹം പുഞ്ചിരിയോടെ വരവേറ്റതും അവിടെ എന്തു നടക്കുന്നു എന്നറിയാൻ  എത്തിയ ആകാംക്ഷാഭരിതരായ കൊച്ചുകുഞ്ഞുങ്ങളെ ആയിരുന്നു..
പെട്ടെന്ന് അദ്ദേഹം  തന്റെ കൈവശം ഉണ്ടായിരുന്ന ഒരു പന്തെടുത്ത് അവർക്കു നേരെ എറിഞ്ഞു....
കൂട്ടത്തിലെ ഒരു മിടുക്കൻ ആ പന്ത് ചാടി പിടിച്ചു...
താമസിയാതെ യോഗസ്ഥലം ഒരു കളിസ്ഥലമായി മാറി...
കുഞ്ഞുങ്ങൾ ആർത്തുല്ലസിയ്ക്കുന്ന ബഹളം കേട്ട്  മുതിർന്നവർ മെല്ലെ അവിടെ എത്തി...
എല്ലാമെല്ലാമായ തങ്ങളുടെ കുഞ്ഞുങ്ങളുടെ സന്തോഷം ആഗ്രഹിക്കുന്ന ആ മഹത്വം  കണ്ടറിഞ്ഞ അവർ കുറ്റബോധം കൊണ്ട് തല കുനിച്ചു...

തങ്ങളുടെ കുഞ്ഞുങ്ങളുടെ കൂടെ ആ പ്രദേശം മുഴുവൻ അഹിംസക്കും, ശാന്തിക്കും, സമാധാനത്തിനും വേണ്ടി പ്രതിജ്ഞയെടുത്തു...!

പരന്നു കിടക്കുന്ന ഇന്ത്യയിലെ  ജനത ഒറ്റക്കെട്ടായി സത്യത്തിന്റേയും നീതിയുടേയും വാക്യങ്ങൾ ഉരുവിട്ട്  പ്രവർത്തിച്ചതിന്റെ ഫലം.....- ഇന്ത്യയുടെ സ്വാതന്ത്ര്യം...!

എങ്ങനെയുണ്ട്   കൊച്ചുകഥ...?

പ്രിയരേ...നിങ്ങളുടെ സ്ക്കൂൾ  ജീവിതത്തിലെ കൊച്ചു വിശേഷങ്ങൾ പങ്കു വെക്കുവാൻ താൽപ്പര്യപ്പെടുന്നു....
      
                                                                                          സ്നേഹം....വർഷിണി.