Monday, January 13, 2014

~ സമയം ~

കുഞ്ഞൂട്ടന്റെ കടയുടെ മുന്നിൽ മിക്കപ്പോഴും ആളുകൾ കാഴ്ച കണ്ട്‌ നിൽക്കുന്നത്‌ കാണാം..

അവരിൽ സ്കൂൾ കുട്ടികൾ മുതല്‍ മുതിർന്ന ആളുകൾ വരെ ഉണ്ടാകും.

എന്താണ് കാഴ്ചയെന്നല്ലേ.. ജാംബവാന്റെ കാലത്തുള്ള ഘടികാരം  തൊട്ട്  ഇപ്പോള്‍ ഇറങ്ങിയ പുതിയ തരം ഡിജിറ്റല്‍ വാച്ചുകൾ വരെ കുഞ്ഞൂട്ടന്റെ  കടയില്‍  ഭംഗിയായി നിരത്തി വെച്ചിരിക്കുന്നു.

 ഏതൊക്കെയോ സമയം കാണിക്കുന്ന വാച്ചുകള്‍, പല ആയത്തില്‍ ചാഞ്ഞും ചെരിഞ്ഞും ആടുന്ന പെന്‍ഡുലങ്ങള്‍, ഭിത്തിയിലും തറയിലും മേശപ്പുറത്തും ഒക്കെ വാച്ചുകള്‍ തന്നെ വാച്ചുകള്‍....

   വാച്ചുകളുടെ ഈ  കളിചിരികള്‍ കാണുന്നതിനാണ്  അവരുടെയെല്ലാം നിൽപ്പ്‌.എന്നാൽ അവയൊന്നും വിൽക്കാൻ വെച്ചിരിക്കുന്നവയല്ല കേട്ടോ..

ചെറിയതും വലുതുമായ കേടുപാടുകൾ തീർക്കുവാനായി ആരൊക്കെയോ  ഏൽപ്പിച്ചു പോകുന്നവയാണതെല്ലാം.അങ്ങനെയങ്ങനെ  കുഞ്ഞൂട്ടന് ഒരു ചെല്ലപ്പേരും വീണു., 'വാച്ച്‌ മേക്കര്‍ കുഞ്ഞൂട്ടൻ '.

തന്റെ ജോലിയിൽ കുഞ്ഞൂട്ടൻ വളരെയധികം ശുഷ്കാന്തി കാണിച്ചിരുന്നതിനാൽ ആ നാട്ടിലുള്ളവര്‍ക്കൊക്കെ കുഞ്ഞൂട്ടനെ  വലിയ ഇഷ്ടമായിരുന്നു.

" കുഞ്ഞൂട്ടന്റെ കയ്യിൽ വാച്ച്‌ ഏൽപ്പിച്ചാൽ പറഞ്ഞ സമയത്തിൽ തന്നെ തന്നിരിക്കും..അതാണ്‌ കുഞ്ഞൂട്ടന്‍..ചെറുപ്പക്കാര്‍ കുഞ്ഞൂട്ടന്റെ ആത്മാർത്ഥത കണ്ടു പഠിക്കണം. "
മുതിര്‍ന്നവര്‍ അങ്ങനെ പറയുമ്പോള്‍ ആർക്കും എതിരഭിപ്രായമില്ലായിരുന്നു . അങ്ങിനെ പ്രശംസാവചനങ്ങൾ കൊണ്ട്‌ അഭിമാനപുളകിതനായ കുഞ്ഞൂട്ടൻ തന്റെ ജോലിയോട്‌ അളവിലധികം ആത്മാർത്ഥത കാണിച്ചു പോന്നു.എന്നാല്‍ ജോലി ത്തിരക്കിനിടയില്‍ തനിക്കു ചുറ്റും നടക്കുന്ന മറ്റ് സംഭവങ്ങള്‍ ഒന്നും കുഞ്ഞൂട്ടൻ അറിയാതെയായി..ശ്രദ്ധിക്കാതെയായി.

നാട്ടുകാര്യങ്ങളിൽ മാത്രമല്ല വീട്ടുകാര്യങ്ങളിലും,എന്തിനേറെ സ്വന്തം ചുറ്റുപാടുകൾ തന്നെ ഏറെക്കുറെ മറന്നു കഴിഞ്ഞിരുന്നു.സമയത്തിനു ഭക്ഷണം കഴിക്കാതെയും കുളിച്ച്‌ വൃത്തിയായി വസ്ത്രം ധരിക്കാതെയും, വിശ്രമിക്കാതെയും കുഞ്ഞൂട്ടന്റെ ചുറുചുറുക്ക്‌ ക്രമേണ നഷ്ടപ്പെടാൻ തുടങ്ങി.

ഏറെ വൈകിയില്ല..ക്ഞ്ഞൂട്ടന്റെ ആരോഗ്യസ്ഥിതിയും മോശമായി.

ഈ അവസ്ഥയിൽ കുഞ്ഞൂട്ടന്റെ ഉറ്റവർ പരിതപിച്ചു.നല്ല വാക്കുകൾ കേള്‍ക്കാതായപ്പോൾ അവർ അവനെ ഗുണദോഷിച്ച്‌ നോക്കി.

അതും സാധ്യമാകാതായപ്പോൾ ശാസിച്ചു നോക്കി.

" മോനേ, സമയയന്ത്രങ്ങൾ നന്നാക്കുന്ന നീ നിന്റെ ആരോഗ്യത്തെ അവഗണിക്കുന്നു. മറ്റുള്ളവരുടെ വാച്ചിലെ സമയം ശരിയാക്കുവാനായി  സമയം മറന്ന് അദ്ധ്വാനിക്കുമ്പോൾ നീ നിന്റെ സമയം പാലിക്കുവാൻ മറക്കുന്നു.

ഈപോക്ക്‌ പോയാൽ അധികം താമസിയാതെ ഇതിന്റെ ദോഷഫലം നീ അനുഭവിക്കും ".

ജോലി തല്പരനായ കുഞ്ഞൂട്ടൻ ആർക്കും ചെവികൊണ്ടില്ല.അധികനാളുകള്‍ വേണ്ടി വന്നില്ല കുഞ്ഞൂട്ടന് വയ്യാതായി.ശരീരം ക്ഷീണിക്കുകയും ശോഷിക്കുകയും ചെയ്തു.ആശുപത്രിക്കിടക്കയില്‍ ഒറ്റയ്ക്കായപ്പോള്‍ കുഞ്ഞൂട്ടന്  താന്‍ ചെയ്ത അബദ്ധങ്ങള്‍ ബോധ്യമായി .

കുഞ്ഞൂട്ടൻ ഒരിക്കൽ അവഗണിച്ച ഉറ്റവർ മാത്രം വല്ലപ്പോഴും കുഞ്ഞൂട്ടനെ ശുശ്രൂഷിക്കാന്‍ എത്തി.

ഏറെനാൾ വേണ്ടി വന്നു കുഞ്ഞൂട്ടനു സുഖം പ്രാപിക്കുവാൻ.ആരോഗ്യം തിരിച്ചുകിട്ടി ഒരുനാള്‍ കവലയിലെത്തിയ കുഞ്ഞൂട്ടന്‍ അത് കണ്ടു.

 കുഞ്ഞൂട്ടന്റെ വാച്ച്‌ കടയുടെ എതിർവശത്തായി തന്നെ പുതിയൊരു വാച്ച്‌റിപ്പയർകട തുറന്നിരിക്കുന്നു.

കാഴ്ചക്കാര്‍ മുഴുവന്‍ അവിടെ കൂട്ടം കൂടി നില്‍ക്കുന്നു. കുഞ്ഞൂട്ടന് സങ്കടമായി. എത്ര കാര്യത്തിലാ ഞാന്‍ അവരെ നേരവും കാലവും നോക്കാതെ പരിചരിച്ചിരുന്നത്.

 അവര്‍ക്ക് വേണ്ടിയല്ലേ ഞാന്‍ ഉറ്റവരുടെ വെറുപ്പ് സമ്പാദിച്ചത്. സ്വയം ചിന്തിക്കാതെ ആള്‍ക്കൂട്ടത്തിന്റെ കയ്യടികള്‍ക്കൊപ്പം നീങ്ങിയ താന്‍ എന്തൊരു മണ്ടനാണ്. വീട്ടിൽ തിരിച്ചെത്തിയ കുഞ്ഞൂട്ടന്‍റെ ദീന ഭാവം കണ്ട വീട്ടുകാര്‍ അവനെ ആശ്വസിപ്പിച്ചു. ധൈര്യം പകര്‍ന്നു. സ്നേഹമുള്ളവരുടെ സാമീപ്യം കുഞ്ഞൂട്ടന് വീണ്ടും ഉത്സാഹം പകര്‍ന്നു.

 സദുപദേശങ്ങള്‍ മാനിക്കാതെ നടന്നത് എത്ര തെറ്റായിപ്പോയി എന്ന് കുഞ്ഞൂട്ടന്‍ മനസ്സിലാക്കി.

സ്വന്തം ജീവിതത്തിലും പ്രവൃത്തിയിലും സമയ നിഷ്ഠ പാലിച്ച് കുഞ്ഞൂട്ടന്‍ വീണ്ടും സ്നേഹമുള്ളവര്‍ക്കെല്ലാം പ്രിയങ്കരനായി.