Tuesday, July 8, 2014

സായയുടെ ആദ്യനോമ്പ്‌


വീട്ടിലെല്ലാവരും നോമ്പ്‌ തുടങ്ങ്യേ പിന്നെ എപ്പഴും തെരക്കിലാ..
ഉച്ച കഴിഞ്ഞാൽ അടുക്കളയിൽ തകൃതിയായ്‌ തുടങ്ങുന്ന പാചകങ്ങൾ...സഹായിക്കാനെന്നോണം പരിസരത്തെങ്ങാനും ചെന്നാൽ സ്റ്റീൽപാത്രം മാറ്റി വെക്കും പോലെ തള്ളി നിർത്തുന്നു..ഹും, എന്താപ്പൊ..ഇവർക്കു മാത്രമേയുള്ളു ജോലിയും കൂലിയുമൊക്കെ..എനിക്കുമില്ലേ എന്ന ഹുങ്കോടെ ഞാനും മൊഖം വീർപ്പിച്ച്‌ പോകും.

ഒരു ജോലിയും ഇല്ലെങ്കിൽ ഖുറാൻ പാരായണത്തിൽ മുഴുകിയിരിക്കുന്ന ഉമ്മച്ചിയും വല്യുമ്മച്ചിയും..
രാത്രിയായാൽ പിന്നെ അത്താഴത്തിനെന്തുണ്ടാക്കണം എന്ന ചർച്ചയിലായിരിക്കും രണ്ടുപേരും..
അപ്പൊ  ഒരു കുഞ്ഞ്യേ സംശയം മനസ്സിൽ കേറും.."അസ്സമയത്തൊക്കെ ഇങ്ങനെ ഭക്ഷണം കഴിച്ച്‌ പകൽ പട്ടിണിക്കിരിക്കുമ്പോൾ നമ്മൾ അമേരിക്കയിൽ ജീവിക്കുന്നവരെ പോലെ ആയിരിക്കില്ലെ?"
ഈ സംശയം ചോദിച്ചതിനു ഉമ്മച്ചിയുടെ കയ്യിൽനിന്ന് നല്ല നുള്ള്‌ കിട്ടി. പിന്നെ വല്യുമ്മച്ചിയാണ് നോമ്പ്‌ എടുക്കുന്നത്‌
എന്തിനാണെന്നും പ്രാർത്ഥനകളിൽ മുഴുകുന്നത്‌ എന്തിനാണെന്നുമൊക്കെ പറഞ്ഞ്‌ തന്നത്‌.
കൂടെ ഉപ്പച്ചിയെ കൊറെ വഴക്ക്‌ പറയേം ചെയ്തു.

"മദ്രസയും പഠിപ്പുമൊന്നുമില്ലെങ്കിൽ കുഞ്ഞിനു ഇതെല്ലാം അറിയുന്നതെങ്ങിനെ..ഒരു ട്യൂഷൻ ടീച്ചറെയെങ്കിലും വെക്കാർന്നു.."

" ഓഹ്‌ ഈ നഗരത്തിൽ ആളെ തപ്പാനൊക്കെ ഭയങ്കര പാടാണുമ്മ "

വാപ്പച്ചി സാാന്നും പറഞ്ഞ്‌ സ്ഥലം കാലിയാക്കും..അതാണ് പതിവ്‌.
എല്ലാരും ഭയങ്കര തെരക്കിന്റെ ആൾക്കാരായപ്പൊ നിയ്ക്കും ആളാവാനൊരു ആശ..സ്റ്റീൽപാത്രമല്ലെ അവർക്ക്‌ കണ്ണിൽ
പിടിക്കാത്തത്‌, ഹും ഞാനൊരു ചില്ല് പാത്രമായി സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട ഒത്തിരി വല്യേ സംഭവമാണെന്ന് ഇവരെയൊക്കെ അറിയിച്ചിട്ടു തന്നെ കാര്യം..
അതിനിപ്പൊ എന്താണൊരു വഴി..?
ആഹ്‌..ഇത്ര എളുപ്പായൊരു സൂത്രം മുന്നിലുള്ളപ്പൊ എന്തിനാപ്പൊ കൂടുതൽ ആലോചിച്ച്‌ തല പുണ്ണാക്കണത്‌..?

അങ്ങനെ സായയും നോമ്പെടുക്കാൻ തീരുമാനിച്ചു. ഉമ്മച്ചിയ്ക്കും വല്യുമ്മച്ചിയ്ക്കും ഭയങ്കര സന്തോഷായീന്ന് അവരുടെ കണ്ണുകളിലെ തെളിച്ചത്തീന്ന് മനസ്സിലാക്കാനായി..എത്രപെട്ടെന്നാണു ഞാൻ വല്യേ ആളായതെന്ന് കരുതായിരിക്കും അവർ..മനസ്സിൽ തന്നത്താൻ അഭിമാനാവും ആവേശവും പൊങ്ങി വന്നു.

" ഓ..അവളെകൊണ്ടൊന്നും ആവില്ലാ ,അഞ്ച്‌ വയസ്സെങ്കിലും ആവട്ടെ ,എന്നിട്ടു മതീല്ലേ സായയെ നോമ്പെടുക്കാനൊക്കെ പ്രോത്സാഹിപ്പിക്കാൻ " ഇതായിരുന്നു വാപ്പച്ചിയുടെ പ്രതികരണം.

കുട്ടികൾ ഇങ്ങനെയൊക്കെ തന്നെ ശീലമാക്കുക എന്നെല്ലാം പറഞ്ഞ്‌ വല്യുമ്മച്ചി ഉപ്പച്ചിയെ സമ്മതിപ്പിക്കുമ്പോഴേക്കും ഉമ്മച്ചി രാത്രിയിലെ ആഹാരം വിളമ്പി കഴിഞ്ഞിരുന്നു, കൂടെ തലോടി കൊണ്ടൊരു ചോദ്യോം

" മോൾക്ക്‌ അത്താഴത്തിനു കഴിക്കാൻ എന്താ ആക്കേണ്ടത്‌..?"

സന്തോഷംകൊണ്ട്‌ മതിമറന്നു..എത്രപെട്ടെന്നാ എല്ലാവരിലും ഒരു മാറ്റം..ഇന്നലെവരെ കിട്ടാഞ്ഞ ഒരു പ്രത്യേക പരിഗണന..ഹായ്

അത്താഴവും കഴിഞ്ഞ്‌ എല്ലാവരുടെയും കൂടെ സുബഹിയും പങ്കു ചേർന്ന് ഒരു കുഞ്ഞുറക്കം തരാവുമ്പോഴേക്കും ഉമ്മച്ചിയുടെ അല്ലാറം അമറാൻ തുടങ്ങി.. കണ്ണു മിഴിയണില്ല, ഒരു തരി ഒറക്കം എവിടെയൊ വീണുപോയ പോലെ..
നോമ്പിന്റെ കാര്യം മറന്ന് അറിയാതെ ഉമ്മച്ചിയോട്‌ സ്ക്കൂളിൽ കൊണ്ടുപോകുവാനിന്ന് വെജിറ്റബിൾ സാന്വിച്ച്‌ വേണമെന്ന് പറയുന്നത്കേട്ടുകൊണ്ട്‌ നിന്ന ഉപ്പച്ചി ചിരിച്ചു വീണു.തെല്ല് ജാള്യത തോന്നി..
ഹേയ്യ്‌, സാരല്ല..ആദ്യായിട്ടാവുമ്പൊ ഇങ്ങനെ അബദ്ധങ്ങളൊക്കെ പറ്റീന്നു വരും. സ്വയം സമാധാനിപ്പിച്ച്‌ സ്കൂളിലേക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. രാവിലത്തെ പാൽ കുടിയും ദോശ വലിച്ചുകീറി കഴിക്കാനുള്ള തിരക്കുകളൊന്നും ഇല്ലാത്തതോണ്ട്‌ എത്രയോ  പണികൾ ഒഴിഞ്ഞ പോലെ.സാധാരണ അതിനൊക്കെയാണല്ലൊ രാവിലത്തെ ബഹളങ്ങൾ തുടങ്ങുക.

എന്നാലും എന്താന്നറിയില്ല എവിടെയൊ ഒരു കുറവ്‌ വന്നപോലെ ..ഒരു തരി ഉന്മേഷക്കുറവ്‌..

ആദ്യനോമ്പിന്റെ സന്തോഷം എന്നേക്കാളേറെ ഉമ്മച്ചിയ്ക്കും വല്യുമ്മച്ചിയ്ക്കുമാ..അത്‌ കളയെണ്ടാന്ന് കരുതി പതിവുപോലെ രണ്ടുപേർക്കും ചക്കരയുമ്മയൊക്കെ കൊടുത്ത്‌ സ്കൂളിലെത്തി.

എത്ത്യേതും ടീച്ചറോട്‌ പുത്യേ വിശേഷം പറയാനായി ഓടി..പക്ഷേ അങ്ങോട്ട്‌ പറയും മുന്നെ ടീച്ചർ ഇങ്ങോട്ട്‌ ചോദിച്ചു,
" ആഹാ...സായ വല്യേ കുട്ടിയായിരിക്കുന്നുവല്ലേ, ഉമ്മച്ചിയുടെ കൂടെ നോമ്പെല്ലാം എടുത്ത്‌ വീട്ടിലെല്ലാവർക്കും ഭയങ്കര മതിപ്പായിരിക്കുന്നല്ലൊ !"
ങെ..ഇതെങ്ങനെ ടീച്ചർ അറിഞ്ഞു, ഓടിയ സ്പീഡിൽ തിരിച്ച്‌ സീറ്റിലിരിക്കുമ്പൊ അതായിരുന്നു ചിന്ത.

എന്നത്തേയും പോലെ ഇന്ന് ക്ലാസ്സിൽ സമയം നീങ്ങുന്നില്ലല്ലോ..അതെന്താ
?
സാധാരണ ഈ സമയം കൊണ്ട്‌ എഴുത്തെല്ലാം ആദ്യം തീർത്ത്‌ നല്ലകുട്ടി ചമഞ്ഞിരിക്കുകയാണു പതിവ്‌..ഇന്ന് ഒന്നിലും ശ്രദ്ധ പോണില്ല..എഴുതാനും വായിക്കാനും മാത്രല്ല, കളിക്കാനും കൂട്ടുകാരോട്‌ മിണ്ടാനും ഒന്നിനും..
കുട്ടികളെല്ലാം എഴുത്ത്‌ കഴിഞ്ഞ്‌ കൈകഴുകി ഭക്ഷണം കഴിക്കാനായി തയ്യാറെടുക്കുന്നു..നേരത്തെ പോലെയല്ല ഇപ്പൊ, വയറ്റിനകത്ത്‌ വല്ലാത്ത ഇരമ്പൽ.വിശപ്പിന്റെ വിളി അങ്ങേയറ്റത്തിരുന്ന് ഓളിയിട്ട്‌ വിളിക്കുന്നു.
പിന്നെയൊന്നും ഓർത്തില്ല,
നേരെ ടീച്ചറുടെ അരികിൽ പോയി പറഞ്ഞു,
"എനിക്കിപ്പൊ നോമ്പ്‌ തൊറക്കണം, ഒരു കാരക്കയും ഒരു ഗ്ലാസ്സ്‌ വെള്ളവും പിന്നെ അഞ്ച്‌ മിറ്റിറ്റിൽ ഉണ്ടാക്കാവുന്ന നൂഡിൽസോ പാസ്തയോ എന്തായ്ച്ച ടീച്ചറുടെ സൗകര്യം പോലെ ഉണ്ടാക്കിക്കോളു, ഞാൻ കൈകഴുകി എളുപ്പം വരാം.."എന്നും പറഞ്ഞ്‌ ഒറ്റ ഓട്ടമായിരുന്നു.
തിരിച്ച്‌ സ്ഥലത്തെത്തിയപ്പൊ അതിശയിച്ചുപോയി.
കുഞ്ഞു ടേബിളിലിലതാ നാപ്കിൻ വിരിച്ച്‌ സ്നാക്സ്‌ ബോക്സ്‌ തന്നെയും കാത്തിരിക്കുന്നു. സാവകാശമില്ലാതെ പെട്ടെന്നത്‌ തുറന്നു നോക്കി,
അപ്പോഴതാ..സ്നാക്സ്‌ ബോക്സിന്റെ ഒരു കള്ളിയിൽ കാരക്ക മറ്റേ കള്ളിയിൽ ആപ്പിൾ കഷ്ണങ്ങളും ഓറഞ്ച്‌ അല്ലികളും വലിയ കള്ളിയിൽ വെജിറ്റബിൾ സാന്വിച്ചും റെഡിയായിരിക്കുന്നു.
ഇതെങ്ങനെ സാധിച്ചു..?
ഓഹ്‌ അപ്പൊ ഇത്‌ ടീച്ചറും ഉമ്മച്ചിയും കൂടിയുള്ള കളിയായിരുന്നല്ലേ എന്ന് മനസ്സിലോർത്ത്‌ മറ്റൊന്നിനും ഇടയില്ലാതെ വേഗമിരുന്ന് ബിസ്മി ചൊല്ലി കാരക്ക കയ്യിലെടുത്തു.പിന്നെയുള്ള പത്ത്‌ മിനിറ്റിൽ എന്ത്‌ സംഭവിച്ചു എന്നു പറയുന്നതിനേക്കാൾ കാലി സ്നാക്സ്‌ ബോക്സ്‌ കാണിക്കുന്നതായിരിക്കും നല്ലത്.‌

എല്ലാം കണ്ടുനിന്ന ടീച്ചർ പുഞ്ചിരിയോടെ ചേർത്തുപിടിച്ച്‌ മറ്റുകുട്ടികളോടായി സായയുടെ ആദ്യനോമ്പെന്ന പ്രശംസയിലൂടെ നോമ്പിനെ കുറിച്ചെല്ലാം വിശദീകരിച്ച്  സായയെ മിടുക്കിയായ്‌ ചിത്രീകരിച്ചു.
മനസ്സും വയറും ആദ്യനോമ്പിൽ നിറഞ്ഞിരിക്കുന്നു, സായ ഓർത്തു..പക്ഷേ..നോമ്പ്‌ മുഴുമിപ്പിക്കാൻ എനിക്കായില്ലല്ലോ..

സായയുടെ പെട്ടെന്നുള്ള മ്ലാനത കണ്ട്‌ ടീച്ചർ ആശ്വസിപ്പിച്ചു, ഇങ്ങനെ കുഞ്ഞിൽ ശീലം വളരുന്നതോടെ വലിയകുട്ടിയാകുമ്പൊ വീട്ടുകാരോട്‌ ചേർന്ന് ഇഫ്താർ വിരുന്നുകൾ ഒരുക്കുവാനും പങ്കെടുക്കാനുമെല്ലാം സാധ്യമാകും.
സായ സന്തോഷത്തോടെ തലയാട്ടി, പിന്നീടുള്ള സമയം ക്ലാസ്സിൽ ശ്രദ്ധിച്ച്‌ എന്നത്തേയും പോലെ നല്ലകുട്ടിയായിരുന്നു.
സ്കൂൾ കഴിഞ്ഞ്‌ വീട്ടിലേക്കുള്ള സ്കൂൾ ബസ്സിൽ കയറുമ്പോൾ മുഖത്ത്‌ ഒരു ജാള്യത, ഉപ്പച്ചിയുടെ ചിരി ചെവിയിൽ മുഴുങ്ങുന്നു, വല്യുമ്മച്ചിയും ഉമ്മച്ചിയും പുഞ്ചിരിക്കുന്നു..

ഉടനെ മനസ്സിൽ ടീച്ചറുടെ വാക്കുകൾ ഓർത്തു,
അതെ, ഇങ്ങനെ ശീലിച്ചല്ലേ ഞാനും വല്യേ കുട്ടായി മുഴുവൻ നോമ്പും നോൽക്കുവാൻ പഠിക്കുക..!

ന്റെ കുഞ്ഞുവല്യേ കൂട്ടുകാർക്കെല്ലാം റമദാൻ ആശംസകൾ..!